ഖത്തറിൽ വീകെന്റിൽ കടുത്ത ചൂടും ശക്തമായ കാറ്റും: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ ഈ വാരാന്ത്യത്തിൽ കടുത്ത ചൂടിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD) മുന്നറിയിപ്പ്. വീകെന്റിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഇതിന് പുറമെ കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം :

  • വ്യാഴാഴ്ച (മെയ് 21): പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. താപനില 28 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
  • വെള്ളിയാഴ്ച (മെയ് 22): വൈകുന്നേരത്തോടെ കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ നേരിയ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെങ്കിലും രാത്രിയിൽ കാലാവസ്ഥ ശാന്തമാകും. താപനില 28 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രവചിക്കുന്നു.
  • ശനിയാഴ്ച: പകൽ സമയങ്ങളിൽ ചൂട് കൂടുതലായിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. താപനില 29 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

ഈ മൂന്ന് ദിവസങ്ങളിലും കാറ്റിന്റെ വേഗത 6 മുതൽ 20 നോട്ട്സ് വരെ ആയിരിക്കും. ഇത് ചില സമയങ്ങളിൽ 30 നോട്ട്സ് വരെ വർദ്ധിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്നാകും കാറ്റ് വീശുക. വെള്ളിയും ശനിയും കാറ്റ് പൂർണ്ണമായും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നായിരിക്കും.

വീകെന്റിൽ കടലിലെ തിരമാലകൾ 2 മുതൽ 8 അടി വരെ ഉയരുമെന്നും ചില സമയങ്ങളിൽ ഇത് 10 അടി വരെ എത്തിയേക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Share:

Recent Posts

Malayalam