നംബിയോയുടെ (Numbeo) 2026-ലെ മധ്യവാർഷിക ജീവിത നിലവാര സൂചിക (Quality of Life Index) പ്രകാരം ഏഷ്യയിൽ രണ്ടാമതും ആഗോളതലത്തിൽ പന്ത്രണ്ടാമതുമാണ് ഖത്തറിന്റെ സ്ഥാനം. 205.6 പോയിന്റോടെ നെതർലാൻഡ്‌സാണ് ലോക പട്ടികയിൽ ഒന്നാമതെത്തിയത്. ഏഷ്യൻ രാജ്യങ്ങളിൽ 203.9 പോയിന്റുള്ള ഒമാൻ ഒന്നാമതെത്തിയപ്പോൾ 188.6 പോയിന്റോടെ ഖത്തർ തൊട്ടുപിന്നിൽ രണ്ടാമതായി ഇടംപിടിച്ചു.
ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം അളക്കുന്നതിനായി പ്രധാനമായും എട്ട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നംബിയോ ഈ സൂചിക തയ്യാറാക്കുന്നത്. വാങ്ങൽ ശേഷി (Purchasing Power Index), സുരക്ഷാ സൂചിക (Safety Index), ആരോഗ്യ പരിപാലനം (Health Care Index), ജീവിതച്ചെലവ് (Cost of Living Index), സ്വത്തുക്കളുടെ വിലയും വരുമാനവും തമ്മിലുള്ള അനുപാതം (Property Price to Income Ratio), ഗതാഗത സമയം (Traffic Commute Time Index), മലിനീകരണ തോത് (Pollution Index), കാലാവസ്ഥ (Climate Index) എന്നിവയാണ് അവ. ഈ മാനദണ്ഡങ്ങളിലെ മികച്ച പ്രകടനമാണ് ഖത്തറിനെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.