ഖത്തർ-കാനഡ, മെക്സിക്കോ 2026 'ഇയർ ഓഫ് കൾച്ചർ' വിന്റർ സ്പോർട്സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഖത്തർ വിന്റർ സ്പോർട്സ് കമ്മിറ്റിയും ഇയർ ഓഫ് കൾച്ചറും സംയുക്തമായി പൊതുജനങ്ങൾക്കായി വിന്റർ സ്പോർട്സ് പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂലൈ 11 മുതൽ 14 വരെ അലി ബിൻ ഹമദ് അൽ അത്തിയ അരീനയിലാണ് ഈ പരിപാടികൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായ ഈ വിനോദ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി ടിക്കറ്റുകൾ എടുക്കേണ്ടതില്ല. വിന്റർ സ്പോർട്സ് ഇനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനും ആളുകൾക്ക് നേരിട്ട് അനുഭവിച്ചറിയുന്നതിനും വേണ്ടിയാണ് ഈ മികച്ച അവസരം ഒരുക്കിയിരിക്കുന്നത്.
ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 7 മണി വരെ ഐസ് ഹോക്കി ഓപ്പൺ ഹൗസും, തുടർന്ന് 7:10 മുതൽ 8:20 വരെ ഐസ് ഹോക്കി സീരീസ് ഗെയിമും, രാത്രി 8:30 മുതൽ 9:45 വരെ ഐസ് സ്കേറ്റിംഗ് ഓപ്പൺ ഹൗസുമാണ് ഒരുക്കിയിട്ടുള്ളത്. ജൂലൈ 14 ചൊവ്വാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 8 മണി വരെ 'കേളിംഗ് കം ആൻഡ് ട്രൈ' (Curling Come & Try) സെഷനും ഉണ്ടായിരിക്കുന്നതാണ്. ഐസ് ഹോക്കി, സ്കേറ്റിംഗ് തുടങ്ങിയ വിന്റർ സ്പോർട്സ് വിനോദങ്ങൾ നേരിട്ട് ആസ്വദിക്കാനും പരിശീലിക്കാനും ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഇതൊരു വേറിട്ട അനുഭവമായിരിക്കും.