ഖത്തറിൽ ഇലക്ട്രിക് റോബോടാക്സികളുടെ പരീക്ഷണയോട്ടം വിജയകരം; ഉടൻ നിരത്തിലിറങ്ങും

ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ മുവാസലാത്ത് (കർവ) ഇലക്ട്രിക് റോബോടാക്സികളുടെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ഗതാഗത മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനും ഓൾഡ് ദോഹ പോർട്ടിനും ഇടയിലായിരുന്നു ഈ പരീക്ഷണ യാത്ര. രാജ്യത്ത് ഡ്രൈവറില്ലാത്ത സ്വയംനിയന്ത്രിത വാഹനങ്ങൾ (Autonomous vehicles) പൂർണ്ണതോതിൽ നിരത്തിലിറക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഈ പരീക്ഷണയോട്ടത്തിന്റെ വിജയം, സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും സഹായത്തോടെ ഗതാഗത മേഖലയിൽ പുതിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.

2025 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 2,500 പരീക്ഷണ യാത്രകളാണ് നടത്തിയത്. ഡ്രൈവർ സീറ്റിൽ ഒരു സേഫ്റ്റി ഓഫീസറുടെ മേൽനോട്ടത്തിൽ നടന്ന ഈ യാത്രകൾ കഴിഞ്ഞ ഡിസംബറിൽ കർവ ആപ്പിലൂടെ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. 94 ശതമാനവും വിജയകരമായി പൂർത്തിയാക്കിയ ആദ്യഘട്ടത്തിന് ശേഷം, ഇനി സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ പൂർണ്ണമായും സ്വയംനിയന്ത്രിതമായി (Remote operation) പ്രവർത്തിക്കുന്ന റോബോടാക്സികളാണ് രണ്ടാം ഘട്ടത്തിൽ പരീക്ഷിക്കുക. ഓൾഡ് ദോഹ പോർട്ട് - ദി ഗേറ്റ് മാൾ, സൂഖ് വാഖിഫ് - ഷെറാട്ടൺ ദോഹ ഹോട്ടൽ, എം.ഐ.എ - വെസ്റ്റ് ബേ എന്നീ മൂന്ന് റൂട്ടുകളിലായിരിക്കും ഇവ പ്രവർത്തിക്കുക. എല്ലാ സുരക്ഷാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയ ശേഷം പൊതുജനങ്ങൾക്ക് കർവ ആപ്പിലൂടെ ഈ സേവനം ലഭ്യമാകും.

Share:

Recent Posts

Malayalam