വേനൽക്കാലം കടുക്കുന്ന പശ്ചാത്തലത്തിൽ ഖത്തറിലെ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഒക്ടോബർ ഒന്നു വരെയുള്ള മധ്യാഹ്ന ജോലി വിലക്ക് നാളെ (ജൂൺ 1) മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സൂര്യാഘാതവും കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും തടയുന്നതിനായുള്ള 2021-ലെ 17-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ തുറസ്സായ സ്ഥലങ്ങളിലുള്ള എല്ലാത്തരം ജോലികൾക്കും നിയന്ത്രണമുണ്ടാകും. രാവിലെ 10:00 മണി മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെയാണ് നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിലെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ ദേശീയ പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, പരിശോധനകൾക്കായി പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.