ഖത്തറിൽ നാളെ (മെയ് 7) മുതൽ അടുത്ത ആഴ്ച വരെ ശക്തമായ വടക്ക്-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത വ്യത്യാസപ്പെടാമെങ്കിലും, പലപ്പോഴും ഇത് വളരെ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ശക്തമായ കാറ്റിനൊപ്പം രാജ്യത്ത് പൊടിക്കാറ്റ് വീശാനും വലിയ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വരാനിരിക്കുന്ന വാരാന്ത്യത്തിൽ (വീക്കെൻഡ്) രാജ്യത്തെ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ നിറയാനും ദൂരക്കാഴ്ച (horizontal visibility) ഗണ്യമായി കുറയാനും ഇടയുണ്ട്. അതിനാൽ റോഡുകളിൽ വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും ഈ ദിവസങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.