ഓൺലൈൻ പഠനത്തിലേക്ക് (ഡിസ്റ്റൻസ് ലേണിംഗ്) മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി. മാർച്ച് 8 മുതൽ 12 വരെയാണ് സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പുതിയ സമയക്രമം ബാധകമാവുക.
സർക്കാർ സ്കൂളുകളിലെ സമയക്രമം:
- പ്രൈമറി വിഭാഗം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:35 വരെ.
- പ്രിപ്പറേറ്ററി, സെക്കൻഡറി വിഭാഗം: രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:15 വരെ.
സ്വകാര്യ സ്കൂളുകൾ:
ഈ കാലയളവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പഠന മണിക്കൂറുകൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സ്വകാര്യ സ്കൂളുകൾക്ക് തങ്ങളുടെ സമയക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ട്.
സർക്കാർ, സ്വകാര്യ സ്കൂളുകളിലെ ലൈവ് ക്ലാസുകൾ അതാത് സ്കൂളുകൾ അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ വഴിയായിരിക്കും നടക്കുകയെന്നും മന്ത്രാലയം അറിയിച്ചു.