വിപണിയിലെ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിതരണ ശൃംഖല സുഗമമാക്കുന്നതിനുമായി ഖത്തറിൽ നിലവിൽ 60 റീട്ടെയിൽ ഔട്ട്ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി സർക്കാർ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അടിയന്തര നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹസ്സൻ സുൽത്താൻ അൽ ഗാനിം ഖത്തർ ടിവിയോട് പറഞ്ഞു.
തുടക്കത്തിൽ 22 ഔട്ട്ലെറ്റുകൾ മാത്രമായിരുന്നു 24 മണിക്കൂറും പ്രവർത്തിച്ചിരുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യാപാര സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ഇപ്പോൾ ഇതിന്റെ എണ്ണം 60 ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ, രാജ്യത്തെ ഇരുപതോളം കുടിവെള്ള പ്ലാന്റുകളും നിലവിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. വിശുദ്ധ റമദാൻ മാസത്തിൽ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി നിരവധി ബേക്കറികളും തങ്ങളുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്.
വിപണികളിൽ കൃത്യമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ 24 മണിക്കൂറും സജീവമാണെന്ന് അൽ ഗാനിം കൂട്ടിച്ചേർത്തു. ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും സംയുക്തമായി ദൈനംദിന പരിശോധനകൾ നടത്തിവരികയാണ്.