ഖത്തറിൽ ഈ വീകെൻറ്റിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ (Qatar Meteorology Department) മുന്നറിയിപ്പ്. വ്യാഴാഴ്ച (മാർച്ച് 26) മുതൽ ശനിയാഴ്ച (മാർച്ച് 28) വരെ രാജ്യത്ത് ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച (മാർച്ച് 27) പ്രത്യേകിച്ച് രാവിലെയോടെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ സമയത്ത് കാഴ്ചാപരിമിതി കുറയാനും ശക്തമായ കാറ്റ് വീശാനും ഇടയുണ്ട്. വെള്ളിയാഴ്ച ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസുമായിരിക്കും.
ശനിയാഴ്ചയോടെ (മാർച്ച് 28) കാലാവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകൽ സമയം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും, രാത്രിയിൽ താരതമ്യേന തണുപ്പും അനുഭവപ്പെടും.
ഈ ദിവസങ്ങളിൽ കാറ്റിന്റെ വേഗത 5 മുതൽ 25 നോട്ട്സ് വരെ ആയിരിക്കും. എന്നാൽ മഴ പെയ്യുന്ന സമയങ്ങളിൽ ഇത് 55 നോട്ട്സ് വരെയാകാൻ സാധ്യതയുണ്ട്. കൂടാതെ, കടൽക്ഷോഭത്തിനും സാധ്യതയുണ്ട്; തിരമാലകൾ 3 മുതൽ 10 അടി വരെയും ചിലപ്പോൾ 16 അടി വരെയും ഉയർന്നേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.