ഓൾഡ് ദോഹ പോർട്ടിൽ(Old Doha Port) 'ത്രോബാക്ക് ഫുഡ് ഫെസ്റ്റിവലിന്റെ' (Throwback Food Festival) മൂന്നാം പതിപ്പിന് തിങ്കളാഴ്ച തുടക്കമായി. ഗൃഹാതുരത്വമുണർത്തുന്ന രുചികൾക്കും അനുഭവങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട്, മുൻവർഷങ്ങളേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്.
റമദാൻ മാസം അവസാനിക്കുന്നത് വരെ മേള നീണ്ടുനിൽക്കും. ദിവസവും വൈകുന്നേരം 5:30 മുതൽ പുലർച്ചെ 2 മണി വരെ. വാരാന്ത്യങ്ങളിൽ പുലർച്ചെ 3 മണി വരെ സന്ദർശകരെ അനുവദിക്കും. 1970, 80, 90 കാലഘട്ടങ്ങളിലെ രുചിഭേദങ്ങൾ വീണ്ടും അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. 30-ലധികം റെസ്റ്റോറന്റുകളും ഭക്ഷണ ശാലകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഭക്ഷണത്തിന് പുറമെ, കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പഴയകാല ടെലിവിഷൻ ഷോകളുടെ പ്രദർശനം, മൈലാഞ്ചിയിടൽ (Henna), കുട്ടികൾക്കുള്ള കലാ ശിൽപശാലകൾ, ലൈവ് കുക്കിംഗ്, സ്റ്റേജ് ഷോകൾ, മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമാണ്. പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും പ്രത്യേക ആകർഷണമാണ്.
റമദാനിലെ പ്രധാന ആഘോഷമായ ഗരാംഗോ (Garangao) രാവിൽ കുട്ടികൾക്കായി പ്രത്യേക സമ്മാന വിതരണവും പരമ്പരാഗത പാട്ടുകളും ഉണ്ടായിരിക്കും. പാരമ്പര്യവും ഭക്ഷണവും വിനോദവും കോർത്തിണക്കി ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഈ മേളയിൽ ഇത്തവണ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.