ഖത്തറിലെ പ്രമുഖ ആഡംബര ദ്വീപുകളായ ദ പേൾ (The Pearl Island), ഗെവാൻ (Gewan Island) എന്നിവയുടെ മാസ്റ്റർ ഡെവലപ്പർമാരായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (UDC) ബലിപെരുന്നാൾ പ്രമാണിച്ച് അഞ്ച് ദിവസത്തെ വിപുലമായ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. പെരുന്നാൾ ഒന്നാം ദിവസം മുതൽ പേൾ ഐലൻഡിലെ '29 ലാ ക്രോയിസെറ്റ്, പോർട്ടോ അറേബ്യ', ഗെവാൻ ഐലൻഡിലെ 'ക്രിസ്റ്റൽ വാക്ക്' എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന തത്സമയ വിനോദ പരിപാടികൾ, ഇൻഡോർ-ഔട്ട്ലെറ്റ് ആക്റ്റിവിറ്റികൾ, എയർകണ്ടീഷൻ ചെയ്ത ക്രിസ്റ്റൽ വാക്കിലെ ഔട്ട്ഡോർ അനുഭവങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ദ്വീപുകളുടെ മനോഹരമായ വാട്ടർഫ്രണ്ട് കാഴ്ചകളും അഞ്ഞൂറിലധികം വരുന്ന റീട്ടെയ്ൽ ഔട്ട്ലെറ്റുകളും, വൈവിധ്യമാർന്ന റെസ്റ്റോറന്റുകളും കഫേകളും സന്ദർശകർക്ക് മികച്ചൊരു ഷോപ്പിംഗ്-വിനോദാനുഭവം സമ്മാനിക്കും. പെരുന്നാളിന്റെ സാംസ്കാരികവും സാമൂഹികവുമായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും കമ്മ്യൂണിറ്റികളെ ഒന്നിപ്പിക്കാനുമുള്ള യു.ഡി.സിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിനോദ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. അവധിക്കാലം ആനന്ദകരമാക്കാൻ പേൾ, ഗെവാൻ ദ്വീപുകളിലെ ഈ ആഘോഷങ്ങളിലേക്ക് മുഴുവൻ സ്വദേശികളെയും പ്രവാസികളെയും യു.ഡി.സി സ്വാഗതം ചെയ്തു.