ഖത്തറിൽ 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതൽ സുഹൈൽ സീസൺ ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ആകെ 53 ദിവസമാണ് ഈ സീസൺ നീണ്ടുനിൽക്കുക. അറേബ്യൻ ഉപദ്വീപിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സുഹൈൽ' നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ കാലഘട്ടത്തിന് തുടക്കമാകുന്നത്. ഓഗസ്റ്റ് 23-നാണ് ഖത്തർ കലണ്ടർ ഹൗസ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
സുഹൈൽ നക്ഷത്രത്തിന്റെ വരവ് മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കമാണ് കുറിക്കുന്നത്. ഇതോടെ കഠിനമായ വേനൽച്ചൂടിന്റെ തീവ്രത ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞ് വൈകുന്നേരങ്ങളിൽ വെള്ളത്തിന് തണുപ്പ് അനുഭവപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. 'അൽ തർഫ' (Tarfah), 'അൽ ജബ്ഹ' (Jabha), 'അൽ സുബ്റ' (Zubrah), 'അൽ സർഫ' (Sarfah) എന്നിങ്ങനെ നാല് പ്രധാന ഘട്ടങ്ങളിലായാണ് സുഹൈൽ സീസൺ കടന്നുപോകുന്നത്.