ഖത്തറിൽ വീകെന്റിൽ ശക്തമായ കാറ്റിന് സാധ്യത

ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട വാരാന്ത്യ കാലാവസ്ഥാ റിപ്പോർട്ടിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച പകൽ സമയത്ത് സാമാന്യം ചൂട് അനുഭവപ്പെടുമെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ചില സമയങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും, താപനില താരതമ്യേന ഉയർന്ന നിലയിലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച പകൽ സമയത്തും രാജ്യത്ത് ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അന്നേ ദിവസം നേരിയ കാറ്റിനും ചില പ്രദേശങ്ങളിൽ ചെറിയ തോതിൽ പൊടിക്കാറ്റിനും സാധ്യത കാണുന്നു. ഈ ദിവസങ്ങളിൽ രാജ്യത്തെ താപനില കുറഞ്ഞത് 26 ഡിഗ്രി സെൽഷ്യസിനും കൂടിയത് 37 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഈ വീകെന്റിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ കർശന ജാഗ്രത പാലിക്കണം. കാറ്റിന്റെ വേഗത 30 നോട്ട്സ് വരെ എത്തിയേക്കാമെന്നും, തിരമാലകൾ കുറഞ്ഞത് രണ്ട് അടി മുതൽ പരമാവധി ഒൻപത് അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Share:

Recent Posts

Malayalam