ഖത്തറിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (Qatar Meteorology Department) മുന്നറിയിപ്പ്. ഇന്ന് (തിങ്കളാഴ്ച, ഏപ്രിൽ 20) മുതൽ ഈ ആഴ്ചയുടെ അവസാനം വരെ രാജ്യത്ത് ശക്തമായ വടക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം.
കാറ്റിനൊപ്പം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് സമുദ്ര മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ 2 മുതൽ 4 അടി വരെ ഉയരത്തിൽ വീശുന്ന തിരമാലകൾ ഉച്ചകഴിയുന്നതോടെ 8 അടി വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതിനാൽ കടലിൽ പോകുന്നവർ കർശന ജാഗ്രത പാലിക്കണം.
ഇതിന് പുറമെ, നാളെ (ചൊവ്വാഴ്ച, ഏപ്രിൽ 21) മുതൽ വീക്കെൻഡ് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് തങ്ങളുടെ മുൻ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.