ബ്ലൂംബെർഗുമായി (Bloomberg) സഹകരിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന ആറാമത് 'ഖത്തർ ഇക്കണോമിക് ഫോറം' 2026 മെയ് 12 മുതൽ 14 വരെ ദോഹയിൽ നടക്കും. 'ദി ഗ്ലോബൽ റീബാലൻസ്: ക്യാപിറ്റൽ, പവർ ആൻഡ് ദ മിഡിൽ ഈസ്റ്റ്' (The Global Rebalance: Capital, Power and the Middle East) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ആഗോള സാമ്പത്തിക ക്രമത്തിൽ മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും, മൂലധന വിനിയോഗത്തിലെ മാറ്റങ്ങളും ഫോറം ചർച്ച ചെയ്യും. എഐ (AI) അധിഷ്ഠിത ഇടപാടുകൾ, ഊർജ്ജ മേഖലയിലെ തന്ത്രപരമായ നീക്കങ്ങൾ, സോവറിൻ ഫണ്ടുകൾ എന്നിവയിലൂടെ മേഖല കൈവരിക്കുന്ന സാമ്പത്തിക വളർച്ച ആഗോളതലത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുകയെന്ന് ഫോറം വിശകലനം ചെയ്യും.
രാഷ്ട്രത്തലവന്മാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ആഗോള കമ്പനികളുടെ സിഇഒമാർ, നിക്ഷേപകർ എന്നിവർ ദോഹയിൽ ഒത്തുചേരും. പുതിയ ബിസിനസ് കരാറുകൾക്കും സാമ്പത്തിക ചർച്ചകൾക്കും വേദിയൊരുക്കുന്ന ഫോറത്തിൽ, കഴിഞ്ഞ വർഷം 95 രാജ്യങ്ങളിൽ നിന്നായി 3,000-ത്തിലധികം പ്രതിനിധികളാണ് പങ്കെടുത്തത്.