ഖത്തറിൽ ഈ വീകെന്റിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (Qatar Meteorology Department) അറിയിച്ചു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വകുപ്പ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, വ്യാഴാഴ്ച (ഏപ്രിൽ 23, 2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കാം. ഇതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് ദിശകളിൽ 10 മുതൽ 20 നോട്ട്സ് (knots) വേഗതയിലായിരിക്കും കാറ്റ് വീശുക. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 30 നോട്ട്സ് വരെ എത്തിയേക്കാം. കടലിൽ തിരമാലകൾ 3 മുതൽ 6 അടി വരെയും ചില പ്രദേശങ്ങളിൽ 9 അടി വരെയും ഉയരാൻ സാധ്യതയുണ്ട്.
അതേസമയം, വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥ തുടരും. ഈ രണ്ട് ദിവസങ്ങളിൽ പകൽ സമയത്തെ താപനില 25°C നും 32°C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ ദിശ വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ തുടരും, ഇതിന്റെ വേഗത 5 മുതൽ 15 നോട്ട്സ് വരെയായി കുറയുമെങ്കിലും പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ 25 നോട്ട്സ് വരെ എത്തിയേക്കാം.