ഖത്തറിലെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മോസ്ക് ഡിപ്പാർട്ട്‌മെന്റ് ഹസ്മ് അൽ മർഖിയ (Hazm Al-Markhiya) മേഖലയിൽ പുതിയ 'ഉമ്മുഹാത്തുൽ മുഅ്മിനീൻ' (Mothers of the Believers Mosque) പള്ളി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. രാജ്യത്തെ ജനസംഖ്യാ വർധനവിനും നഗരവികസനത്തിനും അനുസൃതമായി ആരാധനാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഗാനിം ബിൻ സാദ് അൽ സാദ് അൽ കുവാരി വഖഫ് ചെയ്ത ഈ പള്ളി 544 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രാർത്ഥനാ സൗകര്യങ്ങൾക്ക് പുറമെ മുഅദ്ദിനുള്ള താമസസ്ഥലവും ആധുനിക സജ്ജീകരണങ്ങളും ഇതിലുണ്ട്.
ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ പള്ളിയിൽ ഒരേസമയം 144 പേർക്ക് (120 പുരുഷന്മാർക്കും 24 സ്ത്രീകൾക്കും) നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ വുദൂഅ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും മനോഹരമായ മിനാരവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഔഖാഫ് മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപ്രധാന വികസന പദ്ധതികൾക്കും 'ഖത്തർ നാഷണൽ വിഷൻ 2030'നും അനുസൃതമായാണ് ഈ നിർമ്മാണം പൂർത്തിയാക്കിയത്. കൂടാതെ, രാജ്യത്തെ വിവിധ പള്ളികളുടെ ലൊക്കേഷനുകൾ എളുപ്പത്തിൽ കണ്ടെത്താൻ പൊതുജനങ്ങൾക്ക് സഹായിക്കുന്ന ഡിജിറ്റൽ മാപ്പ് സൗകര്യം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.