ഖത്തറിലെ മിഷെറിബ് പ്രോപ്പർട്ടീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ 'സ്കൂൾ ചെക്ക്‌ലിസ്റ്റ്: ബാക്ക് ടു സ്കൂൾ 2026'ന്റെ നാലാം പതിപ്പ് മിഷെറിബ് ഗലേറിയയിൽ ആരംഭിച്ചു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ മേള ആഗസ്റ്റ് 20 മുതൽ 29 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ ഒന്നാം നിലയിലാണ് നടക്കുന്നത്. ഒരു ബോർഡ് ഗെയിം മാതൃകയിൽ ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രജിസ്ട്രേഷൻ സമയത്ത് ഡോക്ടർ, എൻജിനീയർ, ഫയർഫൈറ്റർ, പോലീസ് തുടങ്ങിയ തൊഴിലുകളെ പ്രതിനിധീകരിക്കുന്ന തൊപ്പികൾ നൽകുന്നു. തുടർന്ന് വിവിധ തീം സ്റ്റേഷനുകളിലെ വെല്ലുവിളികൾ വിജയകരമായി പൂർത്തിയാക്കി സ്റ്റാമ്പുകൾ ശേഖരിച്ച് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, വിവരസാങ്കേതിക മന്ത്രാലയം, ഖത്തർ ചാരിറ്റി, മിഷെറിബ് മ്യൂസിയംസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വിവിധ പഠന പ്രവർത്തനങ്ങളും ഗെയിമുകളും സജ്ജീകരിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രധാന വേദിയിൽ സയൻസ് ഷോകൾ, ശിൽപ്പശാലകൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ദിവസേന അരങ്ങേറുന്നുണ്ട്. എല്ലാ ടാസ്കുകളും പൂർത്തിയാക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾക്കൊപ്പം പഠനോപകരണങ്ങൾ സംഭാവന ചെയ്യാനുള്ള അവസരവുമുണ്ട്; ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കൾ ഖത്തർ ചാരിറ്റിയുടെ സഹകരണത്തോടെ നിർധനരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. കൂടാതെ, കുടുംബങ്ങൾക്ക് ഒത്തുചേരാൻ ആർക്കേഡ് ഗെയിം ഏരിയ, ഫുഡ് കോർട്ട്, സ്കൂൾ സാധനങ്ങൾ വാങ്ങാനുള്ള സ്റ്റാളുകൾ എന്നിവയും മിഷെറിബ് ഗലേറിയയിൽ ലഭ്യമാണ്.