അമീർ കപ്പ് ഫൈനലിനായി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം ഒരുങ്ങി

ഖത്തർ ഫുട്ബോൾ അസോസിയേഷനും പ്രാദേശിക സംഘാടക സമിതിയും 2026-ലെ അമീർ കപ്പ് ഫൈനലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു. മെയ് 9-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഖത്തറിലെ ഏറ്റവും പ്രശസ്തമായ ഈ ഫുട്ബോൾ മാമാങ്കത്തിന്റെ 54-ാമത് എഡിഷനാണ് ഇത്തവണത്തേത്. മത്സരം റിപ്പോർട്ട് ചെയ്യുന്നതിനായി ഇതിനകം 700-ഓളം മാധ്യമപ്രവർത്തകരാണ് അപേക്ഷ നൽകിയിരിക്കുന്നത്.

ഗതാഗത കുരുക്കുകൾ ഒഴിവാക്കാൻ കാണികൾ ദോഹ മെട്രോ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. ഗോൾഡ് ലൈനിലെ 'സ്പോർട്ട് സിറ്റി' സ്റ്റേഷനിൽ ഇറങ്ങിയാൽ സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കർവ ടാക്സി ഉപയോഗിക്കുന്നവർക്കായി പ്രത്യേക ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യവും, ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും സ്റ്റേഡിയത്തിൽ ലഭ്യമാണ്. ഉച്ചയ്ക്ക് 2:30 ന് സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറക്കുകയും, വൈകുന്നേരം 5:30 ന് മത്സരം ആരംഭിക്കുകയും ചെയ്യും.

കാണികൾക്ക് ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്വന്തമാക്കാവുന്നതാണ്. ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ മാത്രമേ എടുക്കാൻ സാധിക്കൂ. ഇങ്ങനെ വാങ്ങിയ ടിക്കറ്റുകൾ മെയ് 7 മുതൽ 'Road to Qatar' എന്ന ആപ്പ് വഴി ലഭ്യമാകും. ഭിന്നശേഷിക്കാർക്കുള്ള ടിക്കറ്റുകൾ ആവശ്യമുള്ളവർക്ക് accessibility.tickets@sc.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Share:

Recent Posts

Malayalam