ഖത്തറിൽ ഹല സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി; വമ്പൻ ഓഫറുകളുമായി മാളുകൾ

വിസിറ്റ് ഖത്തറിന്റെ 'ഹല സമ്മർ' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹല സമ്മർ ഷോപ്പിംഗ് ഫെസ്റ്റിവൽ' ഓഗസ്റ്റ് 1 മുതൽ ഖത്തറിലെ പ്രമുഖ മാളുകളിൽ ആരംഭിച്ചു. ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ഈ ഒരു മാസത്തെ ഫെസ്റ്റിവലിൽ സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവത്തോടൊപ്പം ആകർഷകമായ ഓഫറുകളും പ്രത്യേക ഡിസ്കൗണ്ടുകളും ഡൈനിംഗ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വില്ലാജിയോ, സിറ്റി സെന്റർ, ലാൻഡ്‌മാർക്ക്, ദോഹ മാൾ, വെസ്റ്റ് വാക്ക്, ജേവാൻ, ഹയാത്ത് പ്ലാസ, അൽ ഹസ്ം തുടങ്ങിയ മുൻനിര മാളുകളിലാണ് ഈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 11.59 വരെയാണ് സന്ദർശന സമയം; ഇതിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് വിസ്മയിപ്പിക്കുന്ന നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാളുകളിൽ നിന്ന് കുറഞ്ഞത് 200 ഖത്തർ റിയാലിന് സാധനങ്ങൾ വാങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കാൻ കഴിയും. ഇതിനായി ലഭിക്കുന്ന ബില്ലുകളിൽ സ്റ്റാമ്പ് പതിപ്പിച്ച ശേഷം അവിടെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറുകളിൽ നൽകി നറുക്കെടുപ്പിനുള്ള കൂപ്പൺ സ്വന്തമാക്കാം. അഞ്ച് കാറുകൾ ഉൾപ്പെടെയുള്ള നിരവധി വമ്പൻ സമ്മാനങ്ങളാണ് ഈ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

Share:

Recent Posts

Malayalam