ഖത്തർ കലണ്ടറും സ്പേസ്ടൂൺ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഖത്തർ ടോയ് ഫെസ്റ്റിവൽ 2026 ആഗസ്റ്റ് 4 വരെ നീട്ടി. അവധിക്കാലം ആഘോഷിക്കാൻ കുടുംബങ്ങൾക്ക് കൂടുതൽ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന ഈ വിനോദമേളയിൽ സ്റ്റുഡിയോസ്, ഇൻഫ്ലേറ്റബിൾസ്, യംഗ് അഡൽറ്റ്, കിഡ്സ്, പ്രീസ്കൂൾ എന്നീ വ്യത്യസ്ത സോണുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഫെസ്റ്റിവലിന്റെ പ്രധാന വേദിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രതിദിന വിനോദ പരിപാടികളും അരങ്ങേറും.
രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിനോദ അനുഭവങ്ങൾ സമ്മാനിക്കാനുള്ള വിസിറ്റ് ഖത്തറിന്റെ (Visit Qatar) നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദങ്ങൾക്കും വിപുലമായ ഇവൻ്റുകൾക്കും പേരുകേട്ട ഒരു മികച്ച ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഖത്തറിൻ്റെ സ്ഥാനം ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമാക്കുന്നതിനും ഇത്തരം ആഘോഷങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.