ഖത്തറിൽ ഈദുൽ അദ്ഹ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വർണ്ണാഭമായ വെടിക്കെട്ട്

ഖത്തറിൽ 2026-ലെ ഈദുൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷങ്ങളുടെ ഭാഗമായി ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ വെടിക്കെട്ട് ഒരുങ്ങുന്നു. മെയ് 27, 28, 29 തീയതികളിൽ കത്താറ കൾച്ചറൽ വില്ലേജിലാണ് വെടിക്കെട്ട് നടക്കുകയെന്ന് ഖത്തർ കലണ്ടർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. രാജ്യത്തെ പെരുന്നാൾ ആഘോഷങ്ങളിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഈ വെടിക്കെട്ട് കാണാൻ നിരവധി സ്വദേശികളും വിദേശികളുമാണ് എത്താറുള്ളത്.

വെടിക്കെട്ടിന് പുറമെ, രാജ്യത്തുടനീളം വിപുലമായ മറ്റ് വിനോദ പരിപാടികളും ഈ ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (DECC), ദി പേൾ-ഖത്തർ, ഗെവാൻ ഐലൻഡ്, സെൻട്രോ ഖത്തർ എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷ പരിപാടികൾ അരങ്ങേറുക.

പെരുന്നാൾ ദിനങ്ങളിലെ ഈ ആഘോഷങ്ങളുടെ ഭാഗമായി തത്സമയ കലാപ്രകടനങ്ങൾ, സർക്കസ് ഷോകൾ, നാടകങ്ങൾ, സംഗീത പരിപാടികൾ എന്നിവയും അരങ്ങേറും. സന്ദർശകർക്കും താമസക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് രാജ്യത്തുടനീളം ഈ വർഷത്തെ പെരുന്നാൾ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

Share:

Recent Posts

Malayalam