ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മെയ് 27 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇസ്ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ്ജ് മെയ് 18 തിങ്കളാഴ്ച തുടങ്ങാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫൈസൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. കണക്കുകൾ പ്രകാരം ദുൽഹജ്ജ് മാസപ്പിറവി ശനിയാഴ്ച രാത്രി 11:02-ഓടെയാണ് (ദോഹ സമയം) സംഭവിക്കുന്നത്. അതിനാൽ ശനിയാഴ്ച വൈകുന്നേരം ഖത്തറിലോ മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങളിലോ ചന്ദ്രദർശനം അസാധ്യമായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 18 ദുൽഹജ്ജ് മാസത്തിന്റെ ആദ്യ ദിനമായി കണക്കാക്കുന്നത്.
വിശുദ്ധ ഹജ്ജ് കർമ്മം നടക്കുന്ന മാസമാണ് ദുൽഹജ്ജ്. ഇബ്രാഹിം നബിയുടെ ത്യാഗസ്മരണ പുതുക്കി ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്ന ബലിപെരുന്നാൾ ദുൽഹജ്ജ് പത്തിനാണ് നടക്കുക. നിലവിൽ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, മാസപ്പിറവി നേരിട്ട് ദർശിക്കുന്നതിലൂടെ മാത്രമേ മതകാര്യ വകുപ്പുകൾ ഔദ്യോഗിക തീയതികൾ സ്ഥിരീകരിക്കുകയുള്ളൂ.