കൊതുക് നിയന്ത്രണത്തിന് ഖത്തറിന്റെ നൂതന തന്ത്രം

ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം കൊതുകുകളെ നിയന്ത്രിക്കുന്നതിനായി സമഗ്രവും നൂതനവുമായ ഒരു തന്ത്രം സ്വീകരിച്ചതായി അണ്ടർ സെക്രട്ടറി എഞ്ചിനീയർ അലി ബിൻ മുഹമ്മദ് അൽ അലി അറിയിച്ചു. ഭൂമിശാസ്ത്ര വിവര സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങളും സ്മാർട്ട് കെണികളും ഉപയോഗിച്ച് കൊതുകുകളുടെ സാന്ദ്രതയും വ്യാപനവും തത്സമയം കണ്ടെത്തുന്നു. വലിയ പ്രദേശങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ കൊതുകിൻ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന 'ഗാംബൂസിയ' മത്സ്യങ്ങളെ വളർത്തുന്ന ജൈവ നിയന്ത്രണ രീതിയും വിജയകരമായി പരീക്ഷിച്ചുവരികയാണ്.

ജനുവരി മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിൽ മന്ത്രാലയത്തിന് 25,642 ഗാർഹിക കൊതുക് നിയന്ത്രണ അപേക്ഷകൾ ലഭിച്ചതായി എഞ്ചിനീയർ അലി ചൂണ്ടിക്കാട്ടി. ഏറ്റവും കർശനമായ ആരോഗ്യ-പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത കീടനാശിനികൾ മാത്രമേ ഉപയോഗിക്കൂവെന്നും പരിശീലനം ലഭിച്ച സംഘങ്ങൾ അളവ്, സമയം, ജനസാന്ദ്രത എന്നിവ കണക്കിലെടുത്ത് മനുഷ്യർക്കും പരിസ്ഥിതിക്കും ദോഷമില്ലാത്ത രീതിയിലാണ് മരുന്ന് പ്രയോഗം നടത്തുന്നതെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൊതുകുകളുടെ വ്യാപനം കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Share:

Recent Posts

Malayalam