ഖത്തറിലെ അൽ വക്ര നഗരത്തിൽ പുതുതായി നിർമ്മിച്ച അബ്ദുല്ല ബിൻ ഖബ്ബാബ് പള്ളി ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. 3,631 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ പള്ളിക്കായി സംഭാവന നൽകിയത് സലേം ഹസ്സൻ മുഹമ്മദ് അൽ-ഹമൂദ് എന്ന വ്യക്തിയാണ്. പുതിയ പള്ളിയിൽ ഒരേസമയം 2,414 പേർക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യമുണ്ട്. പ്രധാന ഹാളിലും മെസനൈൻ ഹാളിലുമായി 2,300 പുരുഷന്മാർക്കും, പ്രത്യേക പ്രാർത്ഥനാ ഹാളിൽ 114 സ്ത്രീകൾക്കും ഇവിടെ നമസ്കരിക്കാം.
പള്ളിയോടനുബന്ധിച്ച് ഇമാമിനും മുഅദ്ദിനും താമസിക്കാനുള്ള വീടുകളും, വിശാലമായ അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലവും, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ ഉപയോഗിക്കാവുന്ന വലിയ വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യാ വർദ്ധനവിനും നഗരവികസനത്തിനും അനുസൃതമായി കൂടുതൽ പള്ളികൾ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ഖത്തർ ദേശീയ വിഷൻ 2030-ന്റെ ഭാഗമായാണ് ഈ പള്ളിയും നിർമ്മിച്ചിരിക്കുന്നത്. ഔഖാഫ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പ്രത്യേക നാവിഗേഷൻ സംവിധാനം വഴി ജനങ്ങൾക്ക് രാജ്യത്തെ ഏത് പള്ളിയുടെയും ലൊക്കേഷൻ എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും.