ഖത്തറിലെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടാൻ പ്രവാസികൾക്ക് ഇനി ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി (QID) ഉപയോഗിക്കാം. പൊതുജനാരോഗ്യ മന്ത്രി എച്ച്. ഇ. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ആണ് ഇത് സംബന്ധിച്ച പുതിയ സർക്കുലർ (സർക്കുലർ നമ്പർ 10/2026) പുറത്തിറക്കിയത്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) തുടങ്ങി രാജ്യത്തെ സർക്കാർ ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന ഇടങ്ങളിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് പുതിയതായി ഹെൽത്ത് കാർഡ് അച്ചടിച്ച് നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്.
ഹെൽത്ത് കാർഡ് പ്രിൻ്റ് ചെയ്യുന്നത് നിർത്തിയെങ്കിലും, പുതിയതായി എടുക്കുന്നതിനും വർഷാവർഷം പുതുക്കുന്നതിനുമുള്ള ഫീസ് പഴയതുപോലെ തന്നെ നൽകേണ്ടതുണ്ട്. ആശുപത്രികളിൽ എത്തുമ്പോൾ പ്രവാസികൾ തങ്ങളുടെ ഖത്തർ ഐഡി കാണിച്ചാൽ മതിയാകും. കമ്പ്യൂട്ടർ സിസ്റ്റം വഴി രോഗികളുടെ ഹെൽത്ത് നമ്പർ പരിശോധിച്ച് ഉറപ്പുവരുത്തിയായിരിക്കും സേവനങ്ങൾ നൽകുക. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഖത്തർ പൗരന്മാർക്ക് ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി ഉപയോഗിക്കാനുള്ള സൗകര്യം തികച്ചും സൗജന്യമായി ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രവാസികൾക്കും ഈ മാറ്റം ബാധകമാക്കിയത്.