വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശന നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്കൂൾ പ്രിൻസിപ്പൽമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകുന്ന ഈ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
വിസിറ്റ് വിസയിലുള്ളവർക്ക് സമയം നൽകും: സന്ദർശക വിസയിൽ (Visit visa) ഖത്തറിലെത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ റെസിഡൻസി നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം അനുവദിക്കും. ആവശ്യമെങ്കിൽ ഇത് രണ്ട് മാസം കൂടി നീട്ടി നൽകാനും സാധിക്കും.
- പ്രായപരിധിയിൽ ഇളവ്: അംഗീകരിക്കപ്പെട്ട പ്രായപരിധി പാലിക്കാത്ത പുതിയ വിദ്യാർത്ഥികൾക്കും ഇനിമുതൽ പ്രവേശനം ലഭിച്ചേക്കാം. വിദ്യാർത്ഥികളുടെ ഏറ്റവും പുതിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാൽ ഇതിനായി സ്കൂൾ നടത്തുന്ന പ്രവേശന പരീക്ഷ പാസാകേണ്ടതുണ്ട്.
- സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: വിദേശകാര്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ (Attestation) ഇല്ലാതെ എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഈ നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ സാവകാശം നൽകും.
- ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് നേട്ടം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, പഠന വൈകല്യമുള്ളവർക്കും സ്കൂളുകളിൽ പ്രവേശനം നേടാനുള്ള ഉയർന്ന പ്രായപരിധി മന്ത്രാലയം വർദ്ധിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കൂടുതൽ അനുകൂലമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.