ദോഹയിൽ നടക്കാനിരുന്ന ഷക്കീറയുടെ സംഗീത പരിപാടി മാറ്റിവെച്ചു

ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത പോപ്പ് ഗായികയുമായ ഷക്കീറയുടെ ദോഹയിൽ നടക്കാനിരുന്ന സംഗീത പരിപാടി (ലൈവ് പെർഫോമൻസ്) മാറ്റിവെച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ തുടർന്നാണ് തീരുമാനമെന്ന് ഖത്തർ കലണ്ടർ അധികൃതർ അറിയിച്ചു.

'ലാസ് മുജറെസ് യാ നോ ലോറൻ' (Las Mujeres Ya No Lloran) വേൾഡ് ടൂറിന്റെ ഭാഗമായി 2026 ഏപ്രിൽ ഒന്നിന് സ്റ്റേഡിയം 974-ൽ വെച്ചായിരുന്നു ഈ പരിപാടി തീരുമാനിച്ചിരുന്നത്. സംഗീത പരിപാടിയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഖത്തർ കലണ്ടർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, പരിപാടിയുടെ ടിക്കറ്റ് വിൽപന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് പുതുക്കിയ തിയ്യതിയിലും അതേ ടിക്കറ്റ് തന്നെ ഉപയോഗിക്കാവുന്നതാണ്. പുതിയ തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം, പരിപാടിക്ക് പങ്കെടുക്കാൻ കഴിയാത്തവർക്ക് ടിക്കറ്റ് റദ്ദാക്കാനും പണം തിരികെ ലഭിക്കുന്നതിനും (റീഫണ്ട്) രണ്ട് മാസത്തെ സമയം അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരി 10-നായിരുന്നു ടിക്കറ്റ് വിൽപന ആരംഭിച്ചത്. 95 ഖത്തർ റിയാൽ മുതൽ 650 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ.

Share:

Recent Posts

Malayalam