പ്രമുഖ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡായ പ്രൈമാർക്ക് (Primark) മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ബിസിനസ് ശൃംഖല വിപുലീകരിക്കുന്നു. 2025 ഒക്ടോബറിൽ കുവൈത്തിലെ 'ദി അവന്യൂസ്' മാളിൽ ആരംഭിച്ച ആദ്യ സ്റ്റോറിന്റെ വൻ വിജയത്തിന് പിന്നാലെയാണ് യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അൽഷായയുമായി സഹകരിച്ചാണ് പ്രൈമാർക്കിന്റെ ഈ മുന്നേറ്റം.
ഖത്തറിൽ 2026 അവസാനത്തോടെ പ്രൈമാർക്ക് പ്രവർത്തനമാരംഭിക്കും. ഖത്തറിലെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മൂന്ന് നിലകളിലായി ഒരുങ്ങുന്ന സ്റ്റോർ രാജ്യത്തെ ഏറ്റവും വലിയ ഫാഷൻ ഔട്ട്‌ലെറ്റുകളിൽ ഒന്നായിരിക്കും. ബഹ്‌റൈൻ സിറ്റി സെന്ററിലും ഇതേ വർഷം തന്നെ പ്രവർത്തനം തുടങ്ങും. സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും വേണ്ട വസ്ത്രങ്ങൾ, ഹോം ഡെക്കർ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ സ്റ്റോറുകളിലും ലഭ്യമായിരിക്കും.