ഖത്തറിലെ മുനിസിപ്പാലിറ്റി മന്ത്രാലയം വ്യാഴാഴ്ച ഹസ്ം അൽ മർഖിയ പാർക്ക് ഉദ്ഘാടനം ചെയ്തു.
ലോകോത്തര നിലവാരത്തിലുള്ള വിനോദ കേന്ദ്രങ്ങൾ ഖത്തറിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പ്രയത്നത്തിന്റെ ഫലമാണ് ഈ പാർക്കെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് സർവീസസ് അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിയും എഞ്ചിനീയറുമായ അബ്ദുല്ല അഹമ്മദ് അൽ കരാനി പറഞ്ഞു.
അൽ മർഖിയയിലെ വിനോദ സൗകര്യങ്ങളുടെ ഒരു മികച്ച കൂട്ടിച്ചേർക്കലാണെന്നും ഇത് അവിടെ താമസിക്കുന്നവർക്ക് സേവനങ്ങൾ വർദ്ധിപ്പിക്കുനെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ വിനോദ പരിപാടികൾ ആസ്വദിക്കാനും അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം 24,000 ചതുരശ്ര മീറ്ററിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 671 മീറ്റർ നീളമുള്ള റണ്ണിംഗ് ട്രാക്കിനൊപ്പം 585 മീറ്ററിലധികം നീളുന്ന ഒരു നടപ്പാത പാർക്കിനുള്ളിലുണ്ട്. ശാരീരിക വ്യായാമങ്ങൾക്കായി 85 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഔട്ട്ഡോർ ഫിറ്റ്നസ് ഏരിയയും ഇതിലുണ്ട്. പ്രകൃതി മനോഹരമായ പാർക്ക് ഏരിയയിൽ 273 നാടൻ മരങ്ങളും 421 കുറ്റിച്ചെടികളും ഇവിടെയുണ്ട്.
സൈക്ലിംഗ് പ്രേമികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ 687 മീറ്റർ നീളമുള്ള സൈക്ലിംഗ് പാതയും ഉണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്കുമായി 454 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു.