2024-ൽ 50 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് ടൂറിസം മേഖലയിൽ ഒരു വലിയ നാഴികക്കല്ല് സ്ഥാപിച്ചിരിക്കുകയാണ് ഖത്തർ. 2023-നെ അപേക്ഷിച്ച് 25 ശതമാനം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇതോടെ ഖത്തർ ഒരു ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി മാറി.
"50 ലക്ഷം സന്ദർശകരെ സ്വീകരിച്ചത് ഖത്തറിന്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണ്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന കുടുംബസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ മാറി. 2023-നെ അപേക്ഷിച്ച് 25 ശതമാനം വളർച്ച രാജ്യം കൈവരിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ ലഭിച്ച ഈ നേട്ടം നമ്മുടെ വിജയ ആഘോഷവും ഭാവി വളർച്ചയ്ക്കുള്ള അടിത്തറയും കൂടിയാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ എച്ച്.ഇ. സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
ആധുനിക സ്റ്റേഡിയങ്ങൾ, ലക്ഷറി ഹോട്ടലുകൾ, ലോകോത്തര സൗകര്യങ്ങൾ എന്നിവയാണ് ഖത്തറിനെ ആകർഷകമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുന്നത്. സാംസ്കാരിക അനുഭവങ്ങൾ മുതൽ അഡ്വഞ്ചർ സ്പോർട്സ് വരെ, വിവിധ താൽപ്പര്യങ്ങളുള്ള ആളുകളെ ആകർഷിക്കുന്ന വിധത്തിലാണ് ഖത്തർ തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ 2022 ലെ ഫിഫ ലോകകപ്പ് ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ ഖത്തറിലേക്ക് തിരിക്കാൻ കാരണമായി.
2030 ഓടെ സന്ദർശകരുടെ എണ്ണം മൂന്നിരട്ടിയാക്കുക, ടൂറിസം മേഖലയിലെ മൊത്തം ചെലവ് ഇരട്ടിയാക്കുക, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) ടൂറിസത്തിന്റെ സംഭാവന 10-12% ആയി ഉയർത്തുക എന്നിവയാണ് ഖത്തറിന്റെ ഇനിയുള്ള ലക്ഷ്യങ്ങൾ.