കാലാവധി കഴിഞ്ഞതോ തീരാറായതോ ആയ എല്ലാത്തരം എൻട്രി വിസകൾക്കും നൽകിയിരുന്ന താൽക്കാലിക കാലാവധി നീട്ടൽ ആനുകൂല്യം അവസാനിപ്പിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഈ വർഷം മാർച്ച് 3-ലെ ഉത്തരവ് പ്രകാരം അനുവദിച്ചിരുന്ന ഈ ഇളവ് വരും ഞായറാഴ്ച (2026 ജൂൺ 7) മുതൽ പൂർണ്ണമായും അവസാനിക്കും. ജൂൺ 7 മുതൽ എല്ലാത്തരം എൻട്രി വിസകൾക്കും മുൻപ് നിലവിലിരുന്ന സാധാരണ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വീണ്ടും പ്രാബല്യത്തിൽ വരുമെന്നും, അതത് വിസകൾക്ക് നിശ്ചയിച്ചിട്ടുള്ള കൃത്യമായ കാലാവധിയും ഫീസും ഈ തീയതി മുതൽ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദർശകരും തങ്ങളുടെ വിസകളുടെ നിയമസാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വിസകൾ യഥാസമയം പുതുക്കാനും നിശ്ചിത ഫീസ് അടയ്ക്കാനും അല്ലെങ്കിൽ കാലാവധി കഴിയുന്ന മുറയ്ക്ക് രാജ്യം വിടാനും മന്ത്രാലയം ആവശ്യപ്പെട്ടു. അനുവദനീയമായ താമസ പരിധി ലംഘിച്ച് രാജ്യത്ത് തുടരുന്നതിലൂടെ ഉണ്ടാകുന്ന പിഴകളും മറ്റ് നിയമനടപടികളും ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.