ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങളുടെ ഭാഗമായി ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ വിപുലമായ വിനോദ-സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നു. മെയ് 20-ന് ആരംഭിച്ച ഈ സവിശേഷ ആഘോഷങ്ങൾ ജൂൺ 2 വരെ തുടരും. ദിവസവും ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 8:00 മണി വരെ മാളിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. തികച്ചും സൌജന്യമായി ഒരുക്കിയിരിക്കുന്ന ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ യാതൊരുവിധ ടിക്കറ്റുകളും ആവശ്യമില്ല.
മാളിന്റെ ഫസ്റ്റ് ഫ്ലോറിലുള്ള സൗത്ത് ഫുഡ് കോർട്ടിന് സമീപത്തെ എന്റർടൈൻമെന്റ് ഏരിയയിലാണ് പ്രധാന സാംസ്കാരിക പരിപാടികൾ നടക്കുന്നത്. ദിവസവും ഉച്ചയ്ക്ക് 2:30 മുതൽ 4:00 വരെ അറബിക് കാലിഗ്രാഫിയും, വൈകുന്നേരം 6:00 മുതൽ 7:00 വരെ കഥാപ്രസംഗവും കവിതാപാരായണവും ഇവിടെ ഉണ്ടാകും. കൂടാതെ വൈകുന്നേരം 4:30 മുതൽ 7:30 വരെ ഫാൽക്കൺ പക്ഷികൾക്കൊപ്പം ചിത്രങ്ങളെടുക്കാനുള്ള അവസരവുമുണ്ട്. കുട്ടികൾക്കായുള്ള സാദു നെയ്ത്ത് (Sadu Weaving), മൺപാത്ര നിർമ്മാണം, ഖത്തറി ബിഷ്ത് തയ്യൽ തുടങ്ങിയ പരമ്പരാഗത കരകൗശല വർക്ക്‌ഷോപ്പുകളും വൈകുന്നേരം 4:00 മുതൽ 5:00 വരെ ഈ ഭാഗത്ത് നടക്കുന്നുണ്ട്.
മാളിന്റെ ലക്ഷ്വറി ഏരിയയിലാണ് പെരുന്നാൾ ദിനങ്ങളിലെയും വാരാന്ത്യങ്ങളിലെയും പ്രധാന ആകർഷണങ്ങൾ നടക്കുക. കുട്ടികളെ ആകർഷിക്കുന്ന മാസ്കോട്ട് കോസ്പ്ലേ പരേഡുകൾ (വൈകുന്നേരം 5:00, രാത്രി 7:00 മണിക്ക്) പ്രത്യേക വിനോദ പരിപാടികൾ (വൈകുന്നേരം 5:30 മുതൽ 6:30 വരെ) എന്നിവ ഇവിടെ ആസ്വദിക്കാം. പെരുന്നാൾ ദിനങ്ങളിൽ മാത്രം വൈകുന്നേരം 7:00 മുതൽ രാത്രി 8:00 മണി വരെ തത്സമയ ഊദ് (Oud), പിയാനോ സംഗീത വിരുന്നുകളും ലക്ഷ്വറി ഏരിയയിൽ ഒരുക്കിയിട്ടുണ്ട്. സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ പെരുന്നാൾ ആഘോഷങ്ങൾ ആസ്വദിക്കാൻ മികച്ചൊരു അവസരമാണ് ദോഹ ഫെസ്റ്റിവൽ സിറ്റി ഒരുക്കിയിരിക്കുന്നത്.