ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പേൾ ഐലൻഡിലെ ജിയാർഡിനോ ലുലു മാളിൽ വിപുലമായ കുടുംബ സൗഹൃദ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ലുലു മാളിലെ ഫുഡ് കോർട്ട് ഏരിയയിൽ മെയ് 27 മുതൽ മെയ് 29 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ 'ഈദ് ഫാമിലി ഫിയെസ്റ്റ' സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 5:00 മണി മുതൽ രാത്രി 8:00 മണി വരെയാണ് പരിപാടികൾ നടക്കുക.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി ലൈവ് മ്യൂസിക്, വിവിധ നൃത്ത പ്രകടനങ്ങൾ, മാജിക് ഷോകൾ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികൾ, ഗെയിമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ട്.
സന്ദർശകർക്കായി ഫുഡ് കോർട്ടിൽ പ്രത്യേക ഈദ് ഓഫറുകളും രുചികരമായ ഭക്ഷണവിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തികച്ചും സൗജന്യമായി ഒരുക്കിയിരിക്കുന്ന ഈ ആഘോഷ പരിപാടികളിലേക്ക് ടിക്കറ്റുകളോ മുൻകൂട്ടിയുള്ള രജിസ്ട്രേഷനുകളോ ആവശ്യമില്ലെന്നും, പ്രിയപ്പെട്ടവർക്കൊപ്പം എല്ലാവരും ഈ ഈദ് ആഘോഷങ്ങളുടെ ഭാഗമാകണമെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു