ഖത്തറിൽ ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷിച്ചു. വിശ്വാസികൾക്കായി രാജ്യത്തുടനീളമുള്ള 733 പള്ളികളിലും ഈദ്ഗാഹുകളിലുമായി വിപുലമായ സൗകര്യങ്ങളാണ് മന്ത്രാലയം ഒരുക്കിയിരുന്നത്. രാവിലെ 5:00 മണിക്ക് ആരംഭിച്ച പെരുന്നാൾ നമസ്കാരങ്ങളിൽ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിംഗിൽ ഒരുക്കിയ പ്രത്യേക ഈദ്ഗാഹിൽ മാത്രം അയ്യായിരത്തോളം പേർ ഒത്തുകൂടി. പെരുന്നാൾ പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം ഈദ് ആശംസകൾ കൈമാറിയും ബലി കർമ്മങ്ങൾ നിർവ്വഹിച്ചും കുടുംബങ്ങൾ ഒത്തുചേർന്നു.
പെരുന്നാൾ അവധി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ വിനോദ-സാംസ്കാരിക പരിപാടികളാണ് അധികൃതർ ഒരുക്കിയത്. ഓൾഡ് ദോഹ പോർട്ടിൽ നാല് ദിവസത്തെ പാരമ്പര്യ കലാപ്രകടനങ്ങളും, 974 ബീച്ചിൽ സർക്കസ്, മാജിക് ഷോകൾ അടങ്ങിയ ഫാമിലി ഫെസ്റ്റിവലും നടക്കും. ഏഷ്യൻ ടൗൺ, അൽ ഖോർ എന്നിവിടങ്ങളിൽ പ്രവാസി സമൂഹങ്ങൾക്കായി പാകിസ്താനി കലാകാരന്മാരുടെ സംഗീത പരിപാടികൾ, സൗജന്യ ആരോഗ്യ ക്യാമ്പുകൾ, സമ്മാന നറുക്കെടുപ്പുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂട് 43°C വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.