ഖത്തറിലെ പൊതു പാർക്കുകൾ വികസിപ്പിക്കുന്നതിനും പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായി അൽ തുമാമയിൽ 'അൽ നഫ്ല്' പാർക്ക് ഉദ്ഘാടനം ചെയ്തു. പബ്ലിക് വർക്സ് അതോറിറ്റിയുടെ (അഷ്ഗാൽ) നേതൃത്വത്തിലാണ് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പരിസ്ഥിതി സൗഹൃദവും ആധുനികവുമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ പാർക്ക്, പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യകരമായ വിനോദോപാധികൾ നൽകുന്നതിനുമാണ് ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും അഷ്ഗാലിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പബ്ലിക് സർവീസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുള്ള അഹമ്മദ് അൽ കരാനിയാണ് പാർക്കിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
ഏകദേശം 4,493 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കിൽ 2,440 ചതുരശ്ര മീറ്ററോളം പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും പ്രകൃതിദത്ത തണൽ നൽകുന്ന 52 മരങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. കായിക വിനോദങ്ങൾക്കായി 965 ചതുരശ്ര മീറ്റർ നീളമുള്ള വാക്കിംഗ് ട്രാക്കും, 172 മീറ്റർ നീളമുള്ള പ്രത്യേക ജോഗിംഗ് ട്രാക്കും ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ, കുട്ടികൾക്കായി 360 ചതുരശ്ര മീറ്ററിലുള്ള കളിക്കളവും, മുതിർന്നവർക്കായി 44 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓപ്പൺ ഫിറ്റ്‌നസ് ഏരിയയും പാർക്കിലുണ്ട്. സന്ദർശകരുടെ സൗകര്യത്തിനായി 20 ബെഞ്ചുകളും രണ്ട് വിശ്രമമുറികളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഖത്തറിന്റെ നഗരവികസനത്തിന് അനുസൃതമായി വരും ദിവസങ്ങളിലും കൂടുതൽ ഹരിത പ്രദേശങ്ങളും വിനോദ കേന്ദ്രങ്ങളും രാജ്യമുടനീളം നിർമ്മിക്കുമെന്ന് അധികൃതർ ചടങ്ങിൽ വ്യക്തമാക്കി.