ഈ വർഷം നടക്കേണ്ടിയിരുന്ന 2026-ലെ ഖത്തർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മാറ്റിവെച്ചതായി ഖത്തർ സ്റ്റാർസ് ലീഗ് (QSL) അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. പുതുക്കിയ തീരുമാനപ്രകാരം ഈ ടൂർണമെന്റ് അടുത്ത 2026-2027 സീസണിലായിരിക്കും നടക്കുക.
നിലവിലെ 2025-2026 സീസണിലെ ബാക്കിയുള്ള മത്സരക്രമങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം അധികൃതർ ചർച്ചകൾ നടത്തിയിരുന്നു. ഈ സീസണിൽ മുൻകൂട്ടി നിശ്ചയിക്കാത്ത നിരവധി ഇടവേളകൾ വന്നതും, ഖത്തരി ക്ലബ്ബുകൾക്ക് മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വന്നതും ലീഗിലെ മത്സരങ്ങളെ ബാധിച്ചിരുന്നു. ഇതിനുപുറമെ, വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിനായുള്ള ദേശീയ ടീമിന്റെ മുന്നൊരുക്കങ്ങളും പരിശീലനങ്ങളും കണക്കിലെടുത്താണ് നിലവിലെ സീസണിലെ മത്സരക്രമത്തിൽ മാറ്റം വരുത്താനും ഖത്തർ കപ്പ് അടുത്ത സീസണിലേക്ക് മാറ്റാനും ക്യൂ.എസ്.എൽ തീരുമാനിച്ചത്.