ഖത്തറിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഏപ്രിൽ 12 ഞായറാഴ്ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അംഗീകൃത അക്കാദമിക് കലണ്ടർ പ്രകാരമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനൊപ്പം തന്നെ, സർക്കാർ സ്കൂളുകളിലെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകൾക്ക് പകരമുള്ള ഓൺലൈൻ മൂല്യനിർണ്ണയം തുടരും. ഓൺലൈൻ വഴിയുള്ള ഈ പരീക്ഷകൾ നേരിട്ടുള്ള പഠനത്തിന് തടസ്സമാകില്ലെന്നും, വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കുന്നതിനുള്ള മികച്ചൊരു മാർഗ്ഗമാണിതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സ്വകാര്യ സ്കൂളുകളിലെ പരീക്ഷകൾ അവരുടെ അതാത് പരീക്ഷാ ബോർഡുകളുടെ നിർദ്ദേശങ്ങൾക്കും അക്കാദമിക് പ്ലാനുകൾക്കും അനുസരിച്ചായിരിക്കും നടക്കുക.
ഖത്തറിലെ വിദ്യാഭ്യാസ മേഖല നേരിട്ടുള്ള ക്ലാസുകൾക്കും ഓൺലൈൻ പഠനത്തിനും ഒരുപോലെ പൂർണ്ണ സജ്ജമാണെന്നും മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് പഠനരീതികളിൽ മാറ്റങ്ങൾ വരുത്തുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് എക്കാലവും മുൻഗണന നൽകുന്നതെന്നും, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമായി വന്നാൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.