2019 ൽ ആരംഭിച്ചതിനുശേഷം, ദോഹ മെട്രോ ഖത്തറിന്റെ പൊതുഗതാഗതത്തെ ഒരു പടി മുന്നോട്ട് കൊണ്ടുപോയികൊണ്ട് ലക്ഷക്കണക്കിന് യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്ര മാർഗ്ഗമായി സേവനം നൽകുന്നു.
ഒരു തരത്തിൽ, ദോഹ മെട്രോ അതിന്റെ ആഡംബര രൂപകൽപ്പന, ആധുനിക സ്റ്റേഷനുകൾ, സുഖകരമായ യാത്രകൾ എന്നീ കാരണങ്ങളാൽ ഒരു വിനോദസഞ്ചാര ആകർഷണമായി മാറി കഴിഞ്ഞു. മിക്ക സ്റ്റേഷനുകളും ജനപ്രിയ സ്ഥലങ്ങൾക്ക് ചുറ്റുമാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഖത്തറിനെ കാണാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണിത്,
ദോഹ മെട്രോയുടെ നിലവിലെ റൂട്ട്
ദോഹ മെട്രോയെ ചുവപ്പ്, പച്ച, ഗോൾഡ് എന്നിങ്ങനെ മൂന്ന് ലൈനുകളായി തിരിച്ചിരിക്കുന്നു. പുതിയ നീല പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പുതിയ പാതയിൽ 60 അധിക സ്റ്റേഷനുകൾ കൂടിയുണ്ടാകും. നിലവിലുള്ള പാതകളിലേക്ക് കൂടുതൽ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ട്. ഈ വികസനത്തിന്റെ ആദ്യ ഘട്ടം 2026 ഓടെ പൂർത്തിയാകും.

ദോഹ മെട്രോയുടെ പ്രവർത്തന സമയം
ദോഹ മെട്രോ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുന്നു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വ്യാഴാഴ്ചകളിൽ രാവിലെ 6 മുതൽ അർദ്ധരാത്രി വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ അർദ്ധരാത്രി വരെയും പ്രവർത്തിക്കുന്നു. ഓരോ ആറ് മിനിറ്റിലും സ്റ്റേഷനിൽ ട്രെയിനുകൾ എത്തും. മിക്ക സ്റ്റേഷനുകൾക്കും ഇടയിലുള്ള യാത്ര ശരാശരി മൂന്ന് മിനിറ്റാണ്.
ദോഹ മെട്രോ ടിക്കറ്റ് നിരക്കുകൾ
ദോഹ മെട്രോയിൽ രണ്ട് തരം യാത്രാ ക്ലാസുകളുണ്ട്: സ്റ്റാൻഡേർഡ്, ഗോൾഡ്ക്ലബ്. സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഫാമിലി കാരിയേജുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഒരു യാത്രയ്ക്ക് 2 റിയാൽ ആണ് നിരക്ക്. ഒരു ദിവസം എത്ര തവണ ഉപയോഗിച്ചാലും പരമാവധി പ്രതിദിന നിരക്ക് 6 റിയാൽ ആയിരിക്കും. ഗോൾഡ്ക്ലബ് കാർഡിന് ഒരു യാത്രയ്ക്ക് 10 റിയാൽ ആണ് വില, പ്രതിദിന പരിധി 30 റിയാൽ ആണ്.
അഞ്ച് വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് യാത്രാ കാർഡ് ആവശ്യമാണ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ്. ഒൻപത് വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ദോഹ മെട്രോയിൽ തനിച്ച് യാത്ര ചെയ്യാൻ കഴിയും, എന്നാൽ ഈ പ്രായത്തിൽ താഴെയുള്ളവരോടൊപ്പം 16 വയസ്സിന് മുകളിലുള്ള ഒരാൾ ഉണ്ടായിരിക്കണം.
ദോഹ മെട്രോയ്ക്കുള്ള യാത്രാ കാർഡ് എവിടെ നിന്ന് വാങ്ങാനാകും?
എല്ലാ മെട്രോ സ്റ്റേഷനുകളിലെയും വെൻഡിംഗ് മെഷീനുകളിൽ നിന്നും അൽ മീര, കാരിഫോർ, ഫാമിലി ഫുഡ് സെന്റർ, ജംബോ ഇലക്ട്രോണിക്സ്, ലുലു ഹൈപ്പർമാർക്കറ്റ് എന്നീ അഞ്ച് ലൈസൻസുള്ള റീട്ടെയിലർമാരിൽ നിന്നും സ്റ്റാൻഡേർഡ് ട്രാവൽ കാർഡുകൾ ലഭ്യമാണ്.
തലാബത്ത് മാർട്ട് വഴിയും നിങ്ങൾക്ക് മെട്രോ കാർഡ് ഓർഡർ ചെയ്യാനും അത് നേരിട്ട് നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാനും കഴിയും. നിങ്ങൾ ആദ്യം വാങ്ങുമ്പോൾ സ്റ്റാൻഡേർഡ് കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റ് QR10 ആണ്, ക്രെഡിറ്റ് കുറയുമ്പോൾ ടോപ്പ് അപ്പ് ചെയ്യാം.
നിങ്ങൾ ഒരു ഗോൾഡ്ക്ലബ് കാർഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദോഹ മെട്രോ സ്റ്റേഷനുകളിലൊന്നിലെ ഗോൾഡ്ക്ലബ് ഓഫീസുകൾ സന്ദർശിക്കേണ്ടതുണ്ട്. ആദ്യമായി വാങ്ങുമ്പോൾ ഈ കാർഡുകൾക്ക് ഓരോന്നിനും QR100 ആണ് വില.
സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകളിൽ നിന്നോ qr.com.qa/top-up സന്ദർശിച്ച് ഓൺലൈനായോ നിങ്ങളുടെ മെട്രോ കാർഡ് ടോപ്പ് അപ്പ് ചെയ്യാം. ഗൂഗിൾ പ്ലേയിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ സൗജന്യ ഖത്തർ റെയിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇവിടെ നിങ്ങളുടെ അക്കൗണ്ട് നിലനിർത്താനും കഴിയും.
2025 ലെ ദോഹ മെട്രോ ലുസൈൽ ട്രാം റമദാൻ ഷെഡ്യൂൾ
യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി ദോഹ മെട്രോയും ലുസൈൽ ട്രാമും റമദാനിൽ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ വ്യാഴം വരെ ദോഹ മെട്രോ രാവിലെ 5:30 മുതൽ പുലർച്ചെ 1:30 വരെയും ലുസൈൽ ട്രാം രാവിലെ 5:30 മുതൽ പുലർച്ചെ 2:00 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ദോഹ മെട്രോ രാവിലെ 9:30 ന് ആരംഭിക്കും, ലുസൈൽ ട്രാം ഉച്ചയ്ക്ക് 2:30 ന് ആരംഭിക്കും, രണ്ടും രാത്രി വൈകുവോളം പ്രവർത്തിക്കും. വിശുദ്ധ മാസത്തിൽ യാത്രാസൗകര്യം ഉറപ്പാക്കാൻ ഈ ദീർഘിപ്പിച്ച സമയക്രമം സഹായിക്കും.
സർവീസ് ശനി - വ്യാഴം
ദോഹ മെട്രോ : 5:30AM - 1:30 AM
ലുസൈൽ ട്രാം : 5:30AM - 2:00 AM
വെള്ളി
ദോഹ മെട്രോ : 9:30AM - 1:30 AM
ലുസൈൽ ട്രാം : 2:30PM - 2:00 AM
ആകർഷകമായ രൂപകൽപ്പന, കാര്യക്ഷമമായ സേവനം, സൗകര്യപ്രദമായ കണക്റ്റിവിറ്റി എന്നിവയാൽ ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹ ചുറ്റിക്കാണാൻ മികച്ച മാർഗമാണ് ദോഹ മെട്രോ. ദോഹ മെട്രോ. സമയക്രമം മനസ്സിലാക്കുന്നതിലൂടെ, നിങ്ങൾക്ക് തടസ്സമില്ലാത്ത യാത്ര ആസ്വദിക്കാനും ദോഹയിലെ നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താനും കഴിയും.