ദി വാൾ സ്റ്റ്രീറ്റ് ജേർണലിന്റെ പ്രസാധകനായ ഡൗ ജോൺസ് അടുത്ത വർഷം ഖത്തറിലും ഒരു പുതിയ പ്രവർത്തന കേന്ദ്രം തുറക്കുമെന്ന് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും പ്രീമിയം ബിസിനസ് വാർത്തകളും വിവരങ്ങളും വിതരണം ചെയ്യുന്ന പ്രധാന പങ്കാളിയായി മാറുകയാണ് ലക്‌ഷ്യം.
ഇതിന്റെ ഭാഗമായി, ഖത്തർ അടുത്ത വർഷം മുതൽ തുടർച്ചയായി അഞ്ചു വർഷം വാൾ സ്റ്റ്രീറ്റ് ജേർണൽ ടെക്ക് ലൈവ് കോൺഫറൻസിന് ആതിഥ്യം വഹിക്കും. ഇത്, ലോകോത്തര സി.ഇ.ഒമാർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരുടെ ഒരു പ്രമുഖ സമ്മേളനമാണ്.
മാധ്യമ രംഗത്തെ ലോകോത്തര സ്ഥാപനമായി, മീഡിയ സിറ്റി ഖത്തറിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കാൻ ഡൗ ജോൺസ് തീരുമാനിച്ചു. ഗ്ലോബൽ മീഡിയ, ടെക്നോളജി കമ്പനികളുടെ കേന്ദ്രമായ മീഡിയ സിറ്റി ഖത്തർ നവസംരംഭങ്ങളെയും സഹകരണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്.
ലോകോത്തര മാധ്യമ, ടെക്നോളജി കമ്പനികൾക്ക് അനുയോജ്യമായ കേന്ദ്രമായി ഖത്തറിന്റെ പ്രശസ്തിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് ഡയറക്ടർ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബോർ അൽ താനി പ്രസ്താവനയിൽ പറഞ്ഞു:
2025-ലേക്ക് ലക്ഷ്യംവെച്ച് മിഡിൽ ഈസ്റ്റിൽ ഗ്ലോബൽ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൗ ജോൺസിന്റെ പുതിയ ഓഫിസുകൾ തുറക്കാനുള്ള ഈ പ്രഖ്യാപനം.