അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള അഷ്ഗലിന്റെ പദ്ധതിയുടെ ഭാഗമായി അൽ ഫറൂഷ്, അൽ ഖറൈതിയാത്ത് എന്നിവിടങ്ങളിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ആദ്യ ഘട്ടത്തിലെ പ്രധാന ജോലികൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗാൽ' പ്രഖ്യാപിച്ചു. റിഫ സ്ട്രീറ്റിന് വടക്ക്, ഹസ്ം അൽ തെമൈദ് സ്ട്രീറ്റ് റോഡിന് പടിഞ്ഞാറ്, അൽ മസ്രൂവ റോഡിന് പടിഞ്ഞാറ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു.
ആദ്യ ഘട്ടം പ്രദേശത്തെ 411 പ്ലോട്ടുകൾക്ക് സേവനം നൽകുന്ന രീതിയിൽ മികച്ച പുരോഗതി കൈവരിക്കുമെന്നും തെരുവുകൾ, ഡ്രെയിനേജ് ശൃംഖലകൾ, മഴവെള്ള ഡ്രെയിനേജ്, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഭാവിയിൽ ജനസംഖ്യാ വളർച്ചയ്ക്ക് സഹായിക്കുമെന്നും അഷ്ഗാൽ റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റിലെ ദോഹ സിറ്റി വിഭാഗം മേധാവി എഞ്ചിനീയർ റഷീദ് അൽ സയാറ പറഞ്ഞു.
17.8 കിലോമീറ്റർ ദൂരത്തേക്ക് റോഡ്, 655 റോഡ് ലൈറ്റ് സ്ഥാപിക്കൽ, ഗറോഡ് സുരക്ഷാ ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് അൽ ഫറൂഷ്, അൽ ഖറൈത്തിയാത്ത് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾ. കൂടാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു.
ചില തെരുവുകളിൽ സൈൻ ബോർഡുകളും ലൈറ്റിംഗ് പോസ്റ്റുകളും സ്ഥാപിക്കുക, ഇലക്ട്രിക്കൽ കേബിളുകളുമായി ബന്ധപ്പെട്ട ചില ജോലികൾ നടപ്പാക്കുക എന്നിവ ഉൾപ്പെടുന്ന ശേഷിക്കുന്ന ജോലികൾ നിലവിൽ പൂർത്തിയാക്കി വരികയാണ്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് നിരവധി സംസ്ഥാന സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പുറമേ, ഭൂമിയിൽ നിന്ന് ഏകദേശം 22 മീറ്റർ ആഴത്തിൽ ഖനനം നടത്തേണ്ടതുണ്ട്, ഇതിന് തൊഴിലാളികളുടെ സുരക്ഷാ നടപടിക്രമങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്.