ലൂസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന പ്രശസ്തമായ 'വൺ റൺ ഫോർ ഓൾ' (ONE RUN FOR ALL) ഓട്ടമത്സരത്തിന്റെ മൂന്നാം പതിപ്പ് 2026 മെയ് 24-ന് നടക്കും. അൽ വുസൈൽ നോർത്ത് റിലീഫ് റോഡിലെ സർക്യൂട്ടിൽ വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2017-ൽ ആരംഭിച്ച ഈ വാർഷിക ഓട്ടമത്സരം ഇന്ന് ലോകത്തിലെ തന്നെ മുൻനിര ക്രോസ്-കൺട്രി റണ്ണുകളിൽ ഒന്നാണ്. ഒരേസമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സിൻക്രൊണൈസ്ഡ് ഹാഫ് മാരത്തൺ എന്ന നിലയിൽ 2020-ലും 2021-ലും ഗിന്നസ് ബുക്കിലും ഈ മത്സരം ഇടംനേടിയിട്ടുണ്ട്. 2023 മുതൽ ഒരു അന്താരാഷ്ട്ര ഇവന്റായി മാറിയ ഈ മാരത്തൺ ചൈന, ബെലാറസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വിജയകരമായി നടത്തിവരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിഭാഗങ്ങളിലായാണ് ഇത്തവണ മത്സരം ക്രമീകരിച്ചിരിക്കുന്നത്:
- കുട്ടികൾക്ക് (Kids & Juniors): 3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് 400 മീറ്റർ മിനി കിഡ്സ് റൺ, 7 മുതൽ 12 വയസ്സുവരെയുള്ളവർക്ക് 1 കിലോമീറ്റർ റൺ, 13 മുതൽ 16 വയസ്സുവരെയുള്ളവർക്ക് 2.5 കിലോമീറ്റർ ജൂനിയർ റൺ.
- മുതിർന്നവർക്ക് (Adults 17+): 1 കിലോമീറ്റർ ഫൺ റൺ, 5 കിലോമീറ്റർ, 10 കിലോമീറ്റർ, സോളോ ഹാഫ് മാരത്തൺ.
മത്സരത്തിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികളുടെ ടിക്കറ്റുകൾക്ക് 100 ഖത്തർ റിയാൽ (QR) മുതലും മുതിർന്നവർക്ക് 110 ഖത്തർ റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്കായി പ്രഖ്യാപിച്ച എർലി ബേർഡ് ഓഫർ അവസാനിച്ചതിനാൽ, നിലവിൽ മെയ് 19 വരെ റെഗുലർ നിരക്കിൽ (QR 110 മുതൽ QR 160 വരെ) ടിക്കറ്റുകൾ ലഭ്യമാണ്. മെയ് 20 മുതൽ 23 വരെ ലേറ്റ് ഫീസോടുകൂടിയ നിരക്കായിരിക്കും ടിക്കറ്റുകൾക്ക് ഈടാക്കുക.