പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ നാഷണൽ അഡ്രസ് (ദേശീയ വിലാസം) എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും പുതുക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ 'മെട്രാഷ്' (Metrash) ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മന്ത്രാലയം ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.
നാഷണൽ അഡ്രസ് രജിസ്റ്റർ ചെയ്യാതിരിക്കുകയോ, വിലാസത്തിൽ മാറ്റങ്ങളുണ്ടെങ്കിൽ അത് യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. വീഴ്ച വരുത്തുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ ഘട്ടങ്ങൾ:
- സ്റ്റെപ്പ് 1: മെട്രാഷ് ആപ്പിൽ ലോഗിൻ ചെയ്ത ശേഷം ഹോം സ്ക്രീനിൽ കാണുന്ന 'National Address' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- സ്റ്റെപ്പ് 2: ചോദിച്ചിരിക്കുന്ന ആവശ്യമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
- സ്റ്റെപ്പ് 3: നൽകിയ വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിച്ചുറപ്പുവരുത്തുക.
- സ്റ്റെപ്പ് 4: വിവരങ്ങൾ ഉറപ്പാക്കിയ ശേഷം 'Done' എന്നതിൽ ക്ലിക്ക് ചെയ്യുക.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രത്യേകമായി നൽകേണ്ടതില്ലെന്നും, രക്ഷിതാക്കളുടെ അതേ വിലാസം തന്നെയായിരിക്കും കുട്ടികൾക്കും സിസ്റ്റത്തിൽ രേഖപ്പെടുത്തുക എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.