'ആംഗ്രി ബേർഡ്‌സ്' എന്ന ജനപ്രിയ മൊബൈൽ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഇൻഡോർ, ഔട്ട്‌ഡോർ പാർക്കുകളുള്ള അമ്യൂസ്മെന്റ് പാർക്ക് ആണ് ഖത്തറിലെ ആംഗ്രി ബേർഡ്സ് വേൾഡ്. കഴിഞ്ഞ നാലഞ്ചു വർഷമായി ദോഹയിലെ കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും അവിസ്മരണീയമായ നിമിഷങ്ങൾ നൽകുകയും അതിരുകളില്ലാത്ത വിനോദം, ആവേശകരമായ റൈഡുകൾ, ഗെയിമുകൾ, എന്നിവ അവതരിപ്പിച്ചുകൊണ്ട് സന്ദർശകരെ നിരന്തരമായി രസിപ്പിക്കുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യുകയും വിനോദ രംഗം ഉയർത്തുകയും അതിൻ്റെ ഭാവി പുനർ നിർവചിക്കുകയും ചെയ്യുന്ന ആംഗ്രി ബേർഡ്സ് വേൾഡ് ദോഹയിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറി. ലോകത്ത് ആദ്യമായി ഇങ്ങനെ ഒരു സംരംഭം ഖത്തറിലാണ് വരുന്നത്. റോവിയോ എൻ്റർടെയ്ൻമെൻ്റുമായി സഹകരിച്ചുകൊണ്ട് പ്രമുഖ വിനോദ കമ്പനിയായ ലെയ്ഷർ ആണ് പാർക്ക് നടത്തുന്നത്.
ആംഗ്രി ബേർഡ്‌സ് അമ്യൂസ്മെന്റ് പാർക്ക് അവിശ്വസനീയമായ ഒരു ഫാമിലി എൻ്റർടൈൻമെൻ്റ് ഡെസ്റ്റിനേഷൻ ലോകത്തിനായി ഒരുക്കിയിരിക്കുന്നു. ആഗോള ഗെയിമിംഗ് സെൻസേഷനിൽ നിന്നും സോണി എൻ്റർടൈൻമെൻ്റ് ബ്ലോക്ക്ബസ്റ്റർ സിനിമയിൽ നിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ട് നിരവധി എന്റർടൈമെന്റുകളാണ് ഒരേ കുടക്കീഴിൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആംഗ്രി ബേർഡ്സ് വേൾഡ് വികസിപ്പിച്ചിരിക്കുന്നത്, എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള 20-ലധികം ഹൈ-ത്രിൽ റൈഡുകളിലൂടെ സന്ദർശകരെ സാഹസികതയിലേക്ക് ആംഗ്രി ബേർഡ്സ് വേൾഡ് കൊണ്ടുപോകുന്നു.
എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾ, റീട്ടെയിൽ ഷോപ്പുകൾ, ജന്മദിന വേദികൾ തുടങ്ങി കുടുംബത്തെ മുഴുവൻ ആകർഷിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്ന നിരവധി ആകർഷണങ്ങൾ പാർക്കിലുണ്ട്.