പതിനാലാമത് ഖത്തർ ഹലാൽ ഫെസ്റ്റിവലിന് (2026) ബുധനാഴ്ച കത്താറ കൾച്ചറൽ വില്ലേജിൽ തുടക്കമായി. പരമ്പരാഗത അറബ് പൈതൃകം വിളിച്ചോതുന്ന അന്തരീക്ഷത്തിൽ ആരംഭിച്ച മേളയിൽ ഖത്തറിന് അകത്തും പുറത്തുനിന്നുമുള്ള നിരവധി കന്നുകാലി വളർത്തുകാരാണ് പങ്കെടുക്കുന്നത്.
കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി, ഫെസ്റ്റിവൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സൽമാൻ മുഹമ്മദ് അൽ നുഐമി എന്നിവർ മേളയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഹലാൽ ബ്രീഡിംഗ് പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന വേദി എന്ന നിലയിൽ ഫെസ്റ്റിവൽ ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ടെന്ന് അൽ നുഐമി അഭിപ്രായപ്പെട്ടു.
അറേബ്യൻ ഒട്ടകങ്ങൾ (അവാരിദ്, സിറിയൻ വിഭാഗങ്ങൾ), ഏറ്റവും മികച്ച നാടൻ ഒട്ടകം, ഏറ്റവും മികച്ച അഞ്ച് ഒട്ടകക്കുട്ടികൾ, എലൈറ്റ് റൗണ്ടുകൾ, ഏറ്റവും മികച്ച മുട്ടാട്, തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടക്കും. ബെഡൂയിൻ സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മേളയിലെ പവലിയനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലേലത്തിനുള്ള വേദികൾ, വിഐപി റിസപ്ഷൻ ഹാൾ, കന്നുകാലികളെ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ അന്തരീക്ഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഞ്ച് വനിതാ കലാകാരികൾ നടത്തുന്ന ലൈവ് പെയിന്റിംഗ്, പരമ്പരാഗത സംഗീതോപകരണമായ റബാബ വായന എന്നിവയും മേളയ്ക്ക് മിഴിവേകുന്നു. കുട്ടികൾക്ക് ഒട്ടക സവാരി നടത്താനും പിഗ്മി ആടുകളെ കാണാനും പ്രത്യേക സൗകര്യങ്ങളുണ്ട്. കൂടാതെ, കുട്ടികൾക്കായി ആർട്ട് വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കുന്ന 17 സ്റ്റാളുകൾ മേളയിലുണ്ട്.